പേരില്ലായ്മയുടെ പേര്

സ്നേഹമാണോ മരണമാണോ ഭാരമേറിയത് സംശയത്തോടെ അത് ചോദിച്ചു.


അറിയില്ല അവള്‍ കൈമലര്‍ത്തി


ജീവിതമാണ് ഏറ്റവും ഭാരമേറിയത്


ജീവിതമോ?

അതെ


അപ്പോ ജീവനുള്ള സ്നേഹം അതിലും ഭാരമല്ലേ?


അതിന് സ്നേഹത്തിന് ജീവനില്ലല്ലോ


ശെരിക്കും സ്നേഹത്തിന് ജീവനില്ലെ?


ഉണ്ടാവില്ല, അതുകൊണ്ടാണല്ലോ ചിലര്‍ക്കെങ്കിലും ജീവനേക്കാളേറെ സ്നേഹിക്കാന്‍ കഴിയുന്നത്


അല്ല നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്?

ആരുമല്ല, ഞാന്‍ തന്നെ പറഞ്ഞതാണ്


എനിക്കൊരു സംശയം


ചോദിച്ചോളു


ശെരിക്കും നീ ആരാണ്?


പേരാണോ ?


അതായാലും മതി



എനിക്ക് പേരില്ല, നിനക്ക് ഇഷ്ടമുള്ളത് വിളിക്കാം


ബുദ്ധി, വിവേകം ഇവ വല്ലതുമാണോ നീ?
അങ്ങനെ വിളിക്കാന്‍ തോന്നുന്നെങ്കില്‍ അങ്ങനെ വിളിച്ചോ



വേണ്ട, പേരില്ലാത്ത് തന്നെയാണ് നല്ലത്

അതെന്താ?


പേര് ഒരു പരിതിയാണ്


എന്തു പരിതി?


കണ്ണിനെ പോലെ


കണ്ണിനെന്തു പറ്റി?


കണ്ണ് എന്തിനാണെന്നറിയുമോ?


കാണാനല്ലേ?


അതു മാത്രമല്ല, അത് ഒരു പരിതിയാണ്. പേര് കൊണ്ട് അതിര്‍ത്തിക്കുള്ളില്‍ തളച്ചിട്ടതാണ്. കണ്ണ് കൊണ്ട് കേള്‍ക്കുന്നവരും, സംസാരിക്കുന്നവരും ഉണ്ട്. കണ്ണ് ഒരു അതിര്‍ത്തി  നിര്‍ണമായിരുന്നു




നീ ഒരു അതിര്‍ത്തിയാണോ?


അല്ല, അതിരില്ലാത്ത ഒന്നാണ്, അതിര്‍ത്തിക്കുള്ളിലെ അതിരില്ലായ്മ


ആരുണ്ടാക്കിയതാ ഈ അതിര്‍ത്തി?


അറിയില്ല. ലോകം ജനിച്ചപ്പോയുണ്ടായിരുന്ന അതിര്‍ത്തിയാണ്


കാലപ്പഴക്കം ചെന്ന് കേടുവരില്ലെ?


ഇല്ല, അങ്ങനെയെങ്കില് എന്നോ തകരണമായിരുന്നു


നിനക്ക് തകര്‍ക്കാനുള്ള ശക്തിയില്ലെ?


അറിയില്ല, അങ്ങനെ ആരേയും കുറിച്ച് അറിവില്ല


ഇല്ല എന്നാണോ, അറിയില്ല എന്നാണോ?


കണ്ടിട്ടില്ല, കേട്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല


അനുഭവും ഇങ്ങോട്ടു വരുമോ?


ഇല്ല


പിന്നെ?


തേടി കണ്ടുപിടിക്കണം


ഈ മുറിക്കുള്ളിലോ?


അല്ല അതിനുമപ്പുറത്ത്


പിന്നെന്താ തേടി പോകാത്തെ?


വഴി അറിയില്ല, പിന്നെ ഈ ചങ്ങല എങ്ങനെ പൊട്ടിക്കുമെന്നും അറിയില്ല


എന്തു ചങ്ങല?


വീടും, വീട്ടുകാരും, നാടും, നാട്ടുകാരും അണിയിച്ച ഒരു സ്വര്‍ണ്ണ ചങ്ങല


അതെവിടെ?


ഞാന്‍ തന്നെയാണാ ചങ്ങല. സ്ത്രീത്വം


അതും ഒരു പേര് മാത്രമല്ലെ?


അതെ, ശക്തമായൊരു പേര്


ആ പേരും ഒരു അതിര്‍ത്തി നിര്‍ണയമാണോ?


അതെ, ചരിത്രത്തിലെ ഏറ്റവും വലിയ അതിര്‍ത്തി നിര്‍ണയം


ചരിത്രം?


നുണയാണത്, ആരോ പറഞ്ഞു ഫലിപ്പിച്ച നുണ


എല്ലാം നുണയാണോ?


എന്നെ കുറിച്ചുള്ള മിക്കതും.


അപ്പോ ലോകത്ത് സത്യമില്ലെ?


അറിയില്ല. അതിനു ലോകം കാണണ്ടേ


ഒരു കാറ്റായി ജനിച്ചിരുന്നെങ്കില്‍ സ്വയം ചെന്നു കാണാമായിരുന്നല്ലേ?


അറിയില്ല, ഈ വീശുന്നതും പുരുഷ കാറ്റാണെങ്കിലോ? സ്ത്രീത്വത്തെ അവിടെയും കെട്ടിയിട്ടിട്ടുണ്ടെങ്കിലോ?


അറിയില്ല. അല്ല പരാതികള്‍ മാത്രമുള്ളോ പരിഹാരങ്ങള്‍ ഇല്ലെ?


ഉണ്ട്


എന്ത്?


ശീലങ്ങളാണത്രെ മനുഷ്യനെ പടച്ചത്. അത് മാറണം


ശീലങ്ങളോ അതോ മനുഷ്യരോ?


ശീലങ്ങള്‍


എത്ര കാലമെടുക്കും?


ഭൂമി ഉണ്ടാകാന്‍ എത്ര കാലമെടുത്തോ അത്രയും


കാത്തിരിക്കുമോ അത്രയും?


കാലം അനുവദിച്ചാല്‍


സന്തുഷ്ടയാണോ ഇപ്പോള്‍?


എന്റെ ഒളിച്ചോട്ടങ്ങളില്‍


അതെന്താ?


ഉറക്കം. യാഥാര്‍ത്ഥ്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണത്. സ്വപ്നങ്ങളുടെ മായയിലേക്ക്.


പൂക്കള്‍ ചൂടാറുണ്ടോ?


എന്തിന്?


സുന്ദരിയാകാന്‍


ഇല്ല, ഞാന്‍ മുഖം പൊത്തിയാണ് നടക്കാറ്


അതെന്താ?


എന്റെ സൌന്ദര്യം മനസ്സാണ്, അത് കാണാത്തവര്‍ ബാഹ്യവും കാണണ്ട


മനസ്സ് കണ്ടിട്ടുണ്ടോ ആരെങ്കിലും?


ഞാന്‍ പോലും ശരിക്ക് കണ്ടിട്ടില്ല,


എനിക്ക് പോണം


എങ്ങോട്ട്?


അറിയില്ല


അജ്ഞത ഒരു വഴിയാണോ?


മറ്റൊരു വഴിയും അറിയാത്തവരുടെ വഴി


ഞാനും വന്നോട്ടെ?


വേണ്ട, നീ ഒളിച്ചോടിയപ്പോള്‍ കണ്ട  വഴിയിലൂടെ മാത്രം നീ സഞ്ചരിക്കുക


............!


ഒരു സത്യം പറയട്ടെ?


പറഞ്ഞോ


സ്നേഹവും സന്തോഷവും പുഷ്പങ്ങളാല് ഉപമിക്കപ്പെടുന്നു


എന്തിന്?


വര്‍ത്തമാന സൌന്ദര്യമാണ് രണ്ടിനും, ആസ്വദിച്ചു തീരും മുമ്പേ മരിച്ചിടും


നീ പുഷ്പമാണോ?


അല്ല



പിന്നെ?


സത്യം. ചിലപ്പോള്‍ പുഷ്പം, മറ്റു ചിലപ്പോള്‍ മുള്ള്, പക്ഷെ ഞാന്‍ ഞാന്‍ തന്നെയാണ്. നീ നീയാവുക  

Comments

Popular Posts